മസ്കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ശക്തമായ മഴയെത്തുടർന്ന് വാഹനം ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. മരിച്ചവർ പാലക്കാട് തൃത്താല സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമാൻ അധികൃതരുമായി ഏകോപനം നടത്തി തിരച്ചിൽ ശക്തമാക്കണമെന്നും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.